Tuesday, September 9, 2008

മന്ത്രിപുത്രനും മുന്‍മന്ത്രിയും

ഓരോ വാക്കിനും നാം ചില അര്‍ത്ഥങ്ങളൊക്കെ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. അത് കാലാകാലം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അടിപൊളി, പീഡനം തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥവ്യതിയാനങ്ങള്‍ നാം വേണ്ടതിലേറെ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെ അര്‍ത്ഥാന്തരം വന്ന വാക്കുകളെ തപ്പി നടക്കുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശം. മറ്റ് രണ്ട് വാക്കുകളെയാണ്‍ ഇവിടെ പഠനവിധേയമാക്കുന്നത്.
ഒന്നാമത്തെ വാക്ക് മന്ത്രിപുത്രന്‍ എന്നതാണ്. കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സന്ദര്‍ഭത്തില്‍ ഈ വാക്കിന് ഒരേയൊരു അര്‍ത്ഥമേ കല്‍പ്പിക്കാനാവൂ. ബിനീഷ് കോടിയേരി. ഇതാ ഒരു പത്ര വാര്‍ത്തയുടെ സാമ്പിള്‍.
“നേമം പഞ്ചായത്തിലെ ...... എന്ന പ്രദേശത്ത് ഭൂമാഫിയ പിടിമുറുക്കുന്നതായി ആരോപണം...ഇവിടെ പഞ്ചായത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സ്റ്റേഡിയത്തിനടുത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നതായി ദേശവാസികള്‍ പറയുന്നു. ഒരു മന്ത്രിപുത്രനും ഇതില്‍ പങ്കുണ്ടെന്നാണ് അറിയുന്നത്.....”
ശബരീനാഥ് ആയാലും ലോക്കല്‍ ഭൂമി കച്ചവടക്കാരനായാലും കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ എവിടെ എന്ത് കൊള്ളരുതായ്ക നടന്നാലും വാര്‍ത്തയുടെ അനുബന്ധമായി ഒരു മന്ത്രിപുത്രനെ ചേര്‍ക്കാതെ ഉറക്കം വരില്ല എന്നായിരിക്കുന്നു നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക്. അങ്ങനെയങ്ങനെ മന്ത്രിപുത്രന്‍ എന്ന വാക്കിന് ബിനീഷ് കോടിയേരി എന്ന് അര്‍ത്ഥം വന്നു കഴിഞ്ഞിരിക്കുന്നു.
ഇനിയുമുണ്ട് ഒരു വാക്ക്. മുന്‍ മന്ത്രി എന്നതാണ് ആ വാക്ക്. എവിടെ സ്ത്രീപീഡനമോ അഴിമതിയോ നടന്നാലും അതിന് അടിക്കുറിപ്പായി ഈ വാക്ക് ചേര്‍ക്കുന്നത് ഒരു ശീലമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഈ മുന്‍ മന്ത്രി ആര് എന്ന് തെറ്റാതെ പറയുന്നവര്‍ക്ക് ഇവര്‍ രണ്ടിന്റെയും പേരില്ലാത്ത ഒരു അഴിമതിക്കഥയുടെ വാര്‍ത്ത സമ്മാനം.

No comments: